Blog Post

Test Swaraj Today Website > News > സമൂഹം > തിരുവനന്തപുരം നഗരത്തിന്റെ…….നീരൊഴുക്ക്

തിരുവനന്തപുരം നഗരത്തിന്റെ…….നീരൊഴുക്ക്

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകി നഗര ജീവിതത്തിന്റെയും നാഗരികരുടെയും വേണ്ടാതീനങ്ങള്‍ക്കു മുഴുവന്‍ ഇരയും വാഹിനിയുമായി ഇഴയുന്നൊരു നീരൊഴുക്ക്. ഒരു ഒഴുക്കിലങ്ങനെ പറഞ്ഞു പോകാന്‍ നീരൊഴുക്ക് എന്ന പദം ചേരുമെങ്കിലും
സത്യത്തില്‍ ഒരു ചാറൊഴുക്ക്്. സകലമാന അഴുക്കുകളും പുഴുത്തും പഴുത്തും കൊഴുത്ത ചാറായി ഒഴുകുന്ന ആമയിഴഞ്ചാന്‍ തോട്.

പൊടുന്നനെയാണ് നഗരത്തിന്റെ എല്ലാത്തരത്തിലുള്ള പൊയ്മുഖങ്ങള്‍ക്കും മുന്നിലേക്ക് വാര്‍ത്തയായും വിഷ്വലായും വര്‍ത്തമാനമായും ചാറൊഴുകും തോടും അതിന്റെ നാറ്റവും കറുപ്പും വന്നു നിറയുന്നത്. ഒരുതരത്തിലും നിറമില്ലാത്ത ജീവിതത്തിന്റെ ചാലുകളില്‍ നിന്ന് പൊടുന്നനെയൊരു കറുത്ത മനുഷ്യന്‍ രംഗബോധമില്ലാത്ത കോമാളിയെപ്പോലെ മരണത്തിനു വഴങ്ങി വാര്‍ത്ത ബ്രേക്ക് ചെയ്ത് ടിവിമുറികളിലേക്കെത്തി. അങ്ങനെ കറുത്ത ജീവിതങ്ങളും കറുകറുത്ത മാലിന്യച്ചാറും വളരെ ആയുസുകുറഞ്ഞ വാര്‍ത്താവര്‍ത്തമാനത്തിനു വിഷയമായി മാറി. തീര്‍ച്ചയായും മൂന്നു നാള്‍ വാര്‍ത്തകള്‍ നിറഞ്ഞാടും. വീണ്ടുമൊരു നാലുനാള്‍ വാര്‍ത്തയുടെ ഇംപാക്ട് എന്നു വിളിക്കാവുന്ന വിധത്തില്‍ പോലീസ്-മുനിസിപ്പല്‍-ആരോഗ്യ മേഖലകളിലെ മേലാളന്‍മാരുടെ ചവിട്ടുനാടകം അരങ്ങേറും. പത്തു ദിവസം എണ്ണിത്തീരുന്നതിനു മുമ്പ് സര്‍വം പായ്ക്കപ്പാകുകയും ചെയ്യും.

തമ്പാനൂരില്‍ ഒരു ജോയി. ഏതോ കാലക്കേടിന് പണിക്കിടയില്‍ മരിച്ചു. ജഡം കിട്ടാന്‍ ഇത്തിരി വൈകി. തങ്ങളുടെ എംപതി മുഴുവന്‍ എവിടെ കരഞ്ഞുതീര്‍ക്കുമെന്നു കാത്തിരുന്ന മലയാളിക്ക് പറയാനും രോഷംകൊള്ളാനും ഹാഷ്ടാഗുകളില്‍ കുറിക്കാനും അങ്ങനെയൊരു നറേറ്റിവ് കിട്ടി. എല്ലാം കഴിയുമ്പോള്‍ ജോയിയുടെ അമ്മയും അമ്മയുടെ നിരാലംബമായ വിധിയും ബാക്കിയാകുന്നു. ഓരോ ദുരന്തത്തിന്റെയും ബാക്കിപത്രം ഇങ്ങനെയൊക്കെത്തന്നെയാണല്ലോ.

കൊല്ലമോ എറണാകുളമോ തൃശൂരോ കോഴിക്കോടോ കണ്ണൂരോ എന്നുവേണ്ട ഏതു കോര്‍പ്പറേഷന്‍ എടുത്താലും ഏതു മുനിസിപ്പാലിറ്റിയെടുത്താലും നഗരത്തിനൊക്കുന്ന ഏതു പഞ്ചായത്ത് എടുത്താലും അവിടെയൊക്കെ ഒരു ജോയി സംഭവിക്കാത്തത് ആരുടെയും മിടുക്കുകൊണ്ടൊന്നുമല്ലെന്നെങ്കിലും അറിയുക. എങ്ങനെയോ ഒരു ജോയിദുരന്തത്തിന്റെ പാപഭാരത്തില്‍ നിന്ന് തലനാരിഴയ്ക്ക് ഓരോ നാടും രക്ഷപെടുകമാത്രമാണ് ചെയ്യുന്നത്. അല്ലെങ്കില്‍ കേരളത്തിലെ ഏതു നാടിനും വേണ്ടി ജോയിക്ക് തിരുവനന്തപുരം നഗരം സ്വന്തം അഴുക്കുകള്‍ കൊണ്ട് ഉദകം ചെയ്‌തെന്നു മാത്രം കരുതിയാല്‍ മതി.

മാലിന്യം ഉത്തരവാദിത്വരഹിതമായി കൈകാര്യം ചെയ്യുന്നവരെ കൈകാര്യം ചെയ്യാന്‍ ഇന്നാട്ടില്‍ നിയമത്തിന് കുറവൊന്നുമില്ല. കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 335, 336, 337, 338,339, 340, 348, 370, 375 (1) വകുപ്പുകള്‍ തന്നെ ധാരാളം. നിയമത്തെക്കുറിച്ച് വാചാലരൂകുന്നവര്‍ പോലും ഒന്നൊഴിയാതെ ഈ നിയമങ്ങളെല്ലാം ആദ്യം എടുത്തു പ്രയോഗിക്കേണ്ടത് ഇവിടുത്തെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കെതിരേ തന്നെയാണെന്ന യാഥാര്‍ഥ്യം മറന്നു പോകുന്നു. ഇവിടെ ഒന്നും ഒരിക്കലും നന്നാകുന്നതേയില്ല. ഒന്നും ഒരിക്കലും മാറുന്നതേയില്ല. ആകെക്കൂടി പറയാവുന്നത് ഇത്രമാത്രം. വേസ്റ്റ് ഈസ് വെല്‍ത്ത്. ആരുടെ വെല്‍ത്ത് എന്നറിയണമെങ്കില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട്് വരെ ഏതു ജില്ലയിലെ ഏത് തദ്ദേശഭരണസ്ഥാപനത്തിലും ചെന്ന് ചെറിയ തോതിലൊരു അന്വേഷണം നടത്തിയാല്‍ മതി. ഡംപിങ് യാര്‍ഡ്, ലെഗസി വേസ്റ്റ്, ക്യാപ്പിങ്, ക്ലീന്‍ കേരള, എംസിഎഫ്, മിനി എംസിഎഫ് എന്നിങ്ങനെ കേള്‍ക്കാന്‍ ഇമ്പമുള്ള ഓരോ പദത്തിന്റെ പരണത്ത് പാത്തുവച്ചിരിക്കുന്ന സത്യം ഒന്നു തന്നെ. ആ സത്യമാണ് വേസ്റ്റ് ഈസ് വെല്‍ത്ത്.

പാഴ്വവസ്തുവിനെ സംബന്ധിച്ചിടത്തോളം പമമായ സത്യം വെല്‍ത്ത് മാത്രമാണ്. വാരുന്നത് വെല്‍ത്താണ്, വാരുന്നവര്‍ വെല്‍ത്താണ്, ഓടുന്ന ലോറി വെല്‍ത്താണ്, കൂട്ടിയിടുന്നത് വെല്‍ത്താണ്, കൂട്ടിയിട്ടിടത്തു നിന്നു വാരുന്നത് വെല്‍ത്താണ്. ഇതിനിടയില്‍ ഏതോ ഒരു ജോയി, ആ ജോയിയുടെ നെഞ്ചിന്‍കൂട്ടില്‍ അവസാനമായി കുരുങ്ങിപ്പോയുന്ന ഇത്തിരി വായു, ജോയി കുത്തിയിളക്കിയ കുറേ എംപതിക്കരച്ചിലുകള്‍. ഇതിനൊക്കെ ആയുസ് ഇത്രമാത്രമേയുള്ളൂ. അതുക്കുംമേലെ ശേഷിക്കുന്നത് വെല്‍ത്തിന്റെ സാധ്യതമാത്രമാണ്. മറക്കാതിരിക്കുക, വേസ്റ്റ് ഈസ് വെല്‍ത്ത്.

തിരുവനന്തപുരത്തിന് എന്നല്ല, ലോകത്തിലെ ഒരു നഗരത്തിനും നഗരവല്‍കൃതമായ പ്രദേശത്തിനും വേസ്റ്റ് എന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കാതെ മുന്നോട്ടു പോകാനേ ആവില്ല. നിത്യജീവിതത്തിന്റെ ഓരോ ഇടത്തിലും വേസ്റ്റ് സംഭവിച്ചുകൊണ്ടേയിരിക്കുകയാണ്. വേസ്റ്റ് ഉണ്ടാകുകയല്ല, വേസ്റ്റ് സംഭവിക്കുകയാണ് ചെയ്യുന്നത്. അതാണ് ഉപഭോഗ സാമൂഹ്യക്രമത്തിന്റെ സ്വഭാവം. ആഗ്രഹിച്ചാലും ഇല്ലെങ്കിലും വേസ്റ്റിനെ സംഭവിപ്പിക്കാതെ ആര്‍ക്കും ഒരു ചുവടുപോലും മുന്നോട്ടു പോകാന്‍ സാധിക്കുകയേയില്ല.

വേസ്റ്റിനെ അഭിമുഖീകരിക്കുക അഥവാ അഡ്രസ് ചെയ്യുക എന്നു പറഞ്ഞാല്‍ ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്നതു പോലെ കുറേ നിയമങ്ങള്‍ ഉണ്ടാക്കുകയോ അവ കണ്ണില്ലാതെയും കണ്ണില്‍ചോരയില്ലാതെയും നടപ്പാക്കുകയോ നടപ്പാക്കാതിരിക്കുകയോ ചെയ്യുകയും മാത്രമല്ല, വേസ്റ്റിന്റെ അനാഥത്വം ഇല്ലാതാക്കുക എന്നതു കൂടിയാണര്‍ത്ഥം. വേസ്റ്റ് അല്ല നാടിന്റെ പ്രശ്‌നം, അനാഥ വേസ്റ്റ് ആണ് പ്രശ്‌നം. ഒട്ടുമിക്ക വേസ്റ്റിനെയും സനാഥവേസ്റ്റ് ആക്കി മാറ്റുന്നതിന് സാധ്യതകളില്ലാത്ത ലോകത്തല്ല നാം ജീവിക്കുന്നത്. സാധ്യതകളുണ്ട്, ആവശ്യക്കാരുമുണ്ട്. എന്നിട്ടുമെന്തേ ഇങ്ങനെ. ഇവിടെയാണ് ഇത്തിരിമുമ്പ് പറഞ്ഞ കാര്യത്തിന്റെ പ്രസക്തി. വേസ്റ്റ് ഈസ് വെല്‍ത്ത്. വേസ്്റ്റ് കൈവിടുന്നതിലല്ല ബുദ്ധിമുട്ട്, വെല്‍ത്ത് കൈവിടുന്നതിലാണ്.

ഇതിന് ഉദാഹരണങ്ങള്‍ പറയണമെങ്കില്‍ ഒരു മഴയോ വെയിലോ മാറുവോളം മാത്രമല്ല, നേരം വെളുക്കുവോളവും വെളുത്ത് ഇരുട്ടുവോളവും വീണ്ടും വെളുക്കുവോളവും പറയാന്‍ മാത്രമുണ്ട്. ചെറിയൊരു ഉദാഹരണം, പരിസ്ഥിതി എന്‍ജിനിയര്‍മാരും സന്നദ്ധപ്രവര്‍ത്തകരുമെല്ലാമടങ്ങിയ കൊച്ചിയിലെ ഒരു സന്നദ്ധസംഘടന മാലിന്യസംസ്‌കരണത്തിനുള്ള വളരെ നല്ല പദ്ധതിയുമായി കോര്‍പ്പറേഷന്‍ ദൈവങ്ങള്‍ക്കു മുന്നില്‍ എത്രയാണ് കയറിയിറങ്ങിയതാണെന്നോ. അവസാനം ഫയല്‍ അനങ്ങണമെങ്കില്‍ വീഴേണ്ട തുട്ടിന്റെ കിലുക്കം കേട്ടതേ സന്നദ്ധ സംഘടന സ്റ്റാന്‍ഡ് വിട്ടു. എന്തിനു വെറുതേ വഴിയേ പോയ നാറ്റം ഏറ്റുവാങ്ങണം. അതേ കൊച്ചിയിലാണ് ഭരണത്തിലെ ഉന്നതന്റെ വളരെ അടുത്ത ബന്ധു ബ്രഹ്‌മപുരം കത്തിച്ചതും നാളുകളോളം നഗരവാസികളെ വിഷപ്പുകയൂട്ടിയതും. വെറുതെ ഒരു കൗതുകത്തിനെങ്കിലും രണ്ടുമൊന്നും ചേര്‍ത്തു വായിക്കുന്നത് ബാലമാസികകളിലെ ചേരുപടി ചേര്‍ക്കുക പോലെയുള്ള പംക്തികള്‍ പൂരിപ്പിക്കാന്‍ വേണ്ട പ്രായോഗിക പാഠമായി മാറും.

Leave a comment

Your email address will not be published. Required fields are marked *